ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ലിപുലേഖ് ചുരം വഴിയുള്ള അതിർത്തി വ്യാപാരം ജൂണിൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലുള്ള ലിപുലേഖ് ചുരം വഴിയാണ് അതിർത്തി വ്യാപാരം വീണ്ടും ആരംഭിക്കുന്നതിനുള്ള ഇന്ത്യയും ചൈനയും പദ്ധതികൾ ആലോചിക്കുന്നത്.
2020ൽ ഗാൽവൻ താഴ്വരയിലെ സംഘർഷത്തെത്തുടർന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങൾ കാരണം 2019 മുതൽ കഴിഞ്ഞ ആറ് വർഷമായി ഈ പാത വഴിയുള്ള വ്യാപാരം നിർത്തിവച്ചിരിക്കുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ഇതിന് അനുമതി നൽകിയതായി വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഈ വ്യാപാര സീസൺ നടക്കാറുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിപുലേഖ് ചുരം വഴിയുള്ള വ്യാപാരം പ്രധാനമായും പ്രാദേശിക ഹിമാലയൻ ഉത്പന്നങ്ങളുടെ കൈമാറ്റത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 1954ൽ ആരംഭിച്ച ഈ വ്യാപാരം 1962ലെ യുദ്ധത്തെത്തുടർന്ന് തടസപ്പെട്ടെങ്കിലും 1992ൽ വീണ്ടും പുനരാരംഭിച്ചിരുന്നു.
2018ലെ കണക്കുകൾ പ്രകാരം ഏകദേശം 6.55 കോടി രൂപയുടെ ഇടപാടുകളാണ് ഇവിടെ നടന്നത്. ഇതിൽ 5.59 കോടി രൂപയുടെ ചൈനീസ് ഇറക്കുമതിയും 96.5 ലക്ഷം രൂപയുടെ ഇന്ത്യൻ കയറ്റുമതിയും ഉൾപ്പെടുന്നു. ഇന്ത്യ, ചൈന, നേപ്പാൾ എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തി സംഗമിക്കുന്ന ഇടമായതിനാൽ സൈനികമായും തന്ത്രപരമായും ഈ പ്രദേശം ഇന്ത്യയ്ക്ക് അതീവ പ്രധാനമാണ്.